Rev. Alexanthrayose Cor Episcopa

ദാനിയേൽ 12:3 “ബുദ്ധിമാന്മാർ ആകാശം മണ്ഡലത്തിന്റെ പ്രഭ പോലെയും, പലരെയും നീതിയിലേക്ക് തിരിച്ചവർ, നക്ഷത്രങ്ങളെ പോലെയും, എന്നും എന്നേക്കും പ്രകാശിക്കും “.

      1953 ൽ മലബാർ ,മൈസൂരിലെ ദക്ഷിണ കാനറാ ജില്ല, മദ്രാസ് സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലൂക്ക് എന്നീ കുടിയേറ്റ മേഖലകൾ ഉൾക്കൊള്ളിച്ച്,ഓർത്തഡോക്സ് സഭയുടെ കേരളത്തിൻറെ വടക്കേ ഭദ്രാസനമായ,മലബാർ രൂപംകൊണ്ടു. ഈ ഭദ്രാസനത്തിന്റെ പ്രഥമ അധ്യക്ഷനായിരിന്നത് ഭാഗ്യസ്മരണായ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയായിരുന്നു. എന്നാൽ ഈ ഭദ്രാസനത്തിന്റെ ആധുനിക ശില്പി എന്ന പേരിൽ അറിയപ്പെടുന്നത്  തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ആയിരുന്ന ദിദ്വിമോസ് ബാവ എന്ന വലിയ ബാവ ആണ് . ഏവരുടെയും അനുഗ്രഹാശശിസുകളോടെ ഉയിർ കൊണ്ട മലബാർ ഭദ്രാസനം, തിരുമേനിയുടെ  ഭരണ കാലത്ത് ദൃതഗതിയിൽ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ചു . ഈ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചവരിൽ ഏറ്റവും ഓർക്കപെടേണ്ട ഒരു വ്യക്തിയാണ്, പ്രിയങ്കരനായ ചാണ്ടിയച്ചൻ . അദ്ദേഹം ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടിട്ട് 2026 ഫെബ്രുവരി19-ന് , 37 വർഷം പൂർത്തിയാകുകയാണ്.. 
1935 ജൂലൈ 3 -ന് കോരമാത്തൻ്റെയും ശോശാമ്മയുടെയും എട്ടുമക്കളിൽ നാലാമത്തെ പുത്രനായി കോട്ടയത്ത് ഒറവക്കൽ ഇടശ്ശേരിയിലായ പറമ്പടിയിൽ ചാണ്ടിയച്ചൻ എന്ന അലക്സാന്ത്രയോസ് കോർ എപ്പിസ്കോപ്പ ജനിച്ചു . കുട്ടച്ചൻ എന്ന ഓമനപ്പേരിൽ ശൈശവവും ബാല്യവും പിന്നിട്ടു. പഠനത്തിൽ അതിസമർഥ്തധനായിരുന്ന ചാണ്ടി, ഹൈസ്കൂളിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ പിതാവ് എസ്റ്റേറ്റ് കാര്യസ്ഥനായി മലബാറിന്റെ വടക്കേ അറ്റത്ത് കാസർഗോഡ് ജില്ലയിലെ നർക്കിലക്കാട് എന്ന സ്ഥലത്തേക്ക് പറിച്ചു നടപ്പെട്ടെങ്കിലും, ചാണ്ടിയുടെ വിദ്യാഭ്യാസം കോട്ടയം , മണർകാട് സെൻ്റ് മേരീസ് ഹൈസ്കൂളിൽ തന്നെയായിരുന്നു. അദ്ദേഹം 8-ാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത്, ദിവംഗതനായ ഫാദർ ഫിലിപപ്് പള്ളിച്ചിറ അച്ചൻ സ്കൂളിൽ , അതിഥിയായി വരുകയും, പ്രസംഗ മധ്യേ, ബൈബിളിലെ റഫറൻസ് പറഞ്ഞിട്ട് വാക്യം പറയാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. അന്ന് ചാണ്ടി , എഴുന്നേറ്റ്നിന്ന് ശരിയായി ഉത്തരം പറയുകയും ഇത് കേട്ട ഫാദർ ഫിലിപ് പള്ളിച്ചിറ അദ്ദേഹത്തോട് 10-ാം ക്ലാസ്കഴിയുമ്പോൾ പിതാവിനെ കൂട്ടി എന്നെവന്ന് കാണണമെന്ന് നിഷ്‌കർഷിക്കുകയും ചെയ്തു. അപ്രകാരം തൻ്റെ 10 -ാംക്ലാസ് പൂർത്തിയായപ്പോൾ പിതാവിനെ കൂട്ടി പള്ളിച്ചിറ അച്ചനെപോയി കാണുകയും അദ്ദേഹത്തിൻ്റെ നിർദ്ദേശ പ്രകാരം പൗരോഹിത്യ വൃത്തിയിലേക്ക് തിരിയാൻ അത് കാരണമാവുകയും ചെയ്തു . വൈദിക പഠനത്തിന് ശേഷം, ശെമ്മാശപട്ടം സ്വീകരിച്ചു . ശെമ്മാശൻ ആയിരുന്ന കാലത്തുതന്നെ പ്രൈമറി സ്കൂൾ അധ്യാപകന് വേണ്ട വിദ്യാഭ്യാസം സ്വായത്തമാക്കി. അതൊടൊപ്പം ഇംഗ്ലീഷ് ഭാഷയും സുറിയാനി ഭാഷയും നന്നായി കൈകാര്യം ചെയ്യുമായിരുന്നു. സുറിയാനി ഗീതങ്ങളും ആരാധനാ ഗീതങ്ങളും, നല്ല ഇമ്പകരമായി, ഈണത്തിൽ പാടുന്നതിനുള്ള കഴിവ്, ഒന്ന് വേറെ തന്നെയായിരുന്നു . പ്രസംഗ പാഠവും ഇതോടൊപ്പം തന്നെ ഉണ്ടായിരുന്നു ആശയങ്ങൾ ചിട്ടയായി ക്രമീകരിച്ച് വളരെ ലളിതമായ രീതിയിൽ സാധാരണക്കാരിലേക്ക് എത്തിച്ചു കൊടുക്കുന്നതിന് പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വേദപുസ്തകത്തെക്കുറിച്ച് അദ്ദേഹം ആഴത്തിൽ മനസ്സിലാക്കുകയും വളരെ ചിട്ടയോടു കൂടിയ ആ ജീവിതചര്യ ഗുരുക്കന്മാരിൽ നിന്ന് സ്വായത്തമാക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ സദസ്സിൽ എണീറ്റ് നിന്ന് ധൈര്യത്തോടെ സംസാരിക്കാനുള്ള കഴിവ് പ്രകടിപ്പിച്ചിരുന്നു വെന്ന് അദ്ദേഹത്തിൻ്റെ സഹോദരങ്ങൾ സാക്ഷിക്കുന്നു. ആത്മീയമായും സാമൂഹികമായും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് മലബാർ മേഖലയിലേക്ക് തൻ്റെ സേവനം പ്രയോജനപ്പെടുത്തി. ശെമ്മാശൻ ആയിരിക്കുമ്പോൾ തന്നെ അദ്ദേഹം അധ്യാപക വൃത്തിയിലേക്ക് പ്രവേശിക്കുകയും പള്ളിച്ചറ അച്ഛൻ സ്ഥാപിച്ച കോട്ടമല എ. യു.പി സ്കൂളിൽ (ഇപ്പോഴത്തെ എം ജി  എം യു പി സ്കൂൾ) ട്രെയിനി അധ്യാപകനായി ജോലിക്ക് കയറി . വിദ്യാഭ്യാസ മേഖല വളരെ പിന്നോക്കം ആയിരുന്ന മലബാറിൽ ,തന്റെ മുഴുവൻ സമയവും വിദ്യാഭ്യാസമേഖലക്കും ,സാംസ്കാരിക പ്രവർത്തനങ്ങൾക്കും ആയി അദ്ദേഹം നീക്കിവെച്ചു . ഇതോടൊപ്പം തൻറെ പിതാവിൻറെ പ്രയത്നത്താൽ പള്ളിച്ചിറ അച്ഛൻറെ സഹായത്തോടെ കോട്ടമലയിൽ പത്തോളം കുടുംബങ്ങളിലെ വിശ്വാസികൾക്ക് വേണ്ടി കോട്ടമല സെൻമേരിസ് പള്ളി സ്ഥാപിക്കുകയും ശെമ്മാശന് പട്ടം കിട്ടി വരുന്നതുവരെ ആരാധന അർപ്പിക്കുവാൻ, ഇടവക ജനങ്ങളുടെ നിരന്തരമായ ആവിശ്യപ്രകാരം നാട്ടിൽനിന്ന് ഒരു അച്ഛനെ ലഭിക്കുകയും തല്ക്കാലം ആരാധനമുടക്കം കൂടാതെ നടന്നു വരികയും ചെയ്തു. 1960 ഡിസംബർ 26 തീയതി കോട്ടമല എം .യു.പി സ്കൂളിലെ അധ്യാപികയും പള്ളിച്ചിറ അച്ഛൻറെ പെങ്ങളുടെ മകളായ തങ്കമ്മ ടീച്ചറെ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ സ്‌കൂളിൻ്റെ പൂർണ്ണ ഉത്തരവാദിത്വ വും ഹെഡ് മാസ്റ്ററും,മനേജരും ഒക്കെ ചാണ്ടി ശെമ്മാശനായീ. 1961 ഏപ്രിൽ 30ന് വൈദികപട്ടം സ്വീകരിച്ച് കുറെ ആഴ്ചകൾ ആയിട്ടും സ്വന്തം പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല. അച്ചൻ്റെ പിതാവിൻറെ മനോവ്യഥ മനസ്സിലാക്കിയ അദ്ദേഹത്തിന്ൻ്റെ മകളുടെ അമ്മായിയപ്പനായ കോമത്തുശ്ശേരിൽ  വർഗീസ് തന്റെ സ്ഥലം, അച്ഛന് പള്ളി വെക്കുന്നതിന് വിട്ടുകൊടുക്കുവാൻ തയ്യാറായി.
ഇതേ തുടർന്ന് ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപനായിരുന്ന തോമസ് മാർ തീമോത്തിയോസ്സ് തിരുമേനിയെ അച്ഛനും അദ്ദേഹത്തിൻറെ പിതാവും കുറെ ആൾക്കാരും കൂടി നേരിൽ കണ്ട് പള്ളി വയ്ക്കുവാനും ആരാധന അർപ്പിക്കാനുള്ള അനുവാദം ചോദിക്കുകയും, അനുവാദം ലഭിച്ചതിനെ തുടർന്ന് അവരുടെ മാത്രം അധ്വാനത്തിൽ അവരുടെ സ്വന്തം പള്ളിയായി നറുക്കിലക്കാട് സെൻമേരിസ് പള്ളി, നറുക്കിലക്കാട് എന്ന സ്ഥലത്ത് ഉയർന്നു. ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസന അധിപനായിരുന്ന തോമസ് മാർ തീമോത്തിയോസ് തിരുമേനി 1965 ജനുവരി 15 ന് ആ പള്ളി കൂദാശ ചെയ്യുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു . അതേ തുടർന്ന് നറുക്കലക്കാട് സെൻമേരിസ് ഓർത്തഡോക്സ് പള്ളിയിൽ വികാരിയായി, ചാണ്ടി അച്ഛൻ കുർബാന അർപ്പിച്ചുതുടങ്ങി. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പള്ളിയിൽ ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ അച്ഛൻ സ്കൂളിൽ നിന്നും തനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗം പള്ളിയുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച്,  ഇടവാകാംഗങ്ങളുടെ സഹകരണത്തോടെ പള്ളിയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുവാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം പിന്നീട് ഹെഡ്മാസ്റ്റർ ആയി ഉയർത്തപെട്ടു . ഇ തോടൊപ്പം തന്നെ കോട്ടമല പോസ്റ്റ് ഓഫീസ് , പോസ്റ്റ് മാസ്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു . പ്രതിഫലം ഒന്നും ലഭിക്കാതെയുള്ള ഒരു പ്രയത്നം ആയിരുന്നു ഇത് പുരോഹിതനായ ശേഷം ദീർഘകാലം ശമ്പളമില്ലാതെ തന്നെ അദ്ദേഹം പൗരോഹിത്യ ശുശ്രൂഷ ചെയ്തു. വിശ്രമമില്ലാതെ അഹോരാത്രം അധ്വാനിച്ച ഒരു വൈദികനായിരുന്നു ചാണ്ടി അച്ഛൻ. ഇതൊടൊപ്പം തന്നെ ഗ്രന്ഥ പാരായണം ജീവിത ചര്യയാക്കിയിരുന്നനാൽ അറിവിൻ്റെലോകം അച്ചനിൽ വളരെ വിസ്‌തൃതമായിരുന്നു. വേദപുസ്തകം വായിച്ച് തനിയെ ഇരുന്ന് ധ്യാനിച്ച് അതിലെ അന്തരാർത്ഥം കണ്ടുപിടിച്ച് ഡയറിക്കുറിപ്പ് എഴുതി വയ്ക്കുന്നത് ഒരു ശീലമായിരുന്നു.പുസ്തകങ്ങളോടുള്ള അദ്ദേഹത്തിന്റെ അതീവ താല്പര്യം വിളിച്ചറിയിക്കുന്ന അതിവിപുലമായ ഒരു ലൈബ്രറി തന്നെ അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. നറുക്കലക്കാട് പള്ളിയിൽനിന്നും വളരെ അകലെയുള്ള കാസർഗോഡ് ,കരിവങ്കയം ,കാഞ്ഞങ്ങാട് , പാണത്തൂർ , അരവഞ്ചാൽ , കോഴിച്ചാൽ എന്നീ സ്ഥലങ്ങളിൽ നിന്ന് ഭക്തരായ വിശ്വാസികൾ ഞായറാഴ്ചതോറും എത്തി വിശുദ്ധ ആരാധനയിൽ സംബന്ധിക്കുവാൻ തുടങ്ങിയിരുന്നു. മാസത്തിൽ ഒരുതവണയെങ്കിലും അവിടെ ചെന്ന് കുർബാന അർപ്പിക്കണം എന്ന അവരുടെ നിരതരമായ ആവശ്യപ്രകാരം അവിടെ ചെന്ന് പരിമിതമായ സാഹചര്യങ്ങളിൽ പോലും ബലി അർപ്പിച്ചിരുന്നു. പിന്നീട് മലബാർ മേഖലയിൽ അദ്ദേഹം പത്തോളം പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. നർക്കിലക്കാട്, കരുവങ്കയം, ബിരിക്കുളം,  മാലോം കാസർഗോഡ്, അരവഞ്ചാൽ , കണ്ണൂർ , മംഗലാപുരം , മണിപ്പാൽ, കോഴിച്ചാൽ ,അരിപ്രോട്,  പാക്കഞ്ഞിക്കാട് എന്നിവിടങ്ങളിലെ പള്ളികൾ അദ്ദേഹത്തിൻറെ കഠിന പ്രയത്നത്തിന്റെ ഫലങ്ങൾ ആണ്. സ്വന്തം കൈയിലെ പണം ചെലവാക്കി വാഹനം പിടിച്ചു പോയി അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. കുന്നുകളും ,മലകളും താണ്ടി സ്വന്തം ആരോഗ്യത്തെ കരുതാതെ ഈ മലയോര മേഖലകളിൽ അദ്ദേഹം പള്ളികൾ പടുത്തുയർത്തി യതോടൊപ്പം സമൂഹത്തിനു വേണ്ടിയും എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം അതിയായ ആഗ്രഹിച്ചിരുന്നു അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു കുടുംബത്തെയും ,സഭ യെയും, സമൂഹത്തെയും ഒരേ ചരടിൽ കോർത്തിണക്കി അദ്ദേഹം ഏവരെയും തന്റെ സ്നേഹത്തിനു മുമ്പിൽ ഒരു ചങ്ങലയിലെ കണ്ണികൾ പോലെ ആക്കി തീർക്കുവാൻ ആവതു ശ്രമിച്ചിരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾ ഒന്നും തടസ്സപ്പെടാതെ വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾ നടത്തിക്കൊടുക്കുവാൻ അച്ഛൻ സഹിച്ച യാതനകൾ കുറച്ചൊന്നുമല്ലായിരുന്നു. ഏതു വിഷയത്തെപ്പറ്റിയും ഏത് സമയത്തും തന്മയത്വമായി പറഞ്ഞ പഠിപ്പിക്കുവാനുള്ള ഒരു സാമർത്ഥ്യം അദ്ദേഹത്തെ ഒരു മാതൃക അധ്യാപകനും ആത്മീയ ഗുരുവും ആക്കി മാറ്റി. തന്റെസ്കൂൾ ഒരുഹൈസ്കൂളും, ഇംഗ്ലീഷ്മീഡിയവും ആക്കിമാറ്റണമെന്ന് അച്ഛൻ അതിയായ ആഗ്രഹിച്ചിരുന്നെവെങ്കിലും, അദ്ദേഹത്തിൻറെ മക്കളുടെ മൂന്നുപേരുടെയും ഉപരിപഠനാർത്ഥം സ്കൂളിനു വേണ്ടി നിർലോഭം പണം ചെലവിടാൻ തികയാതെ വരികയും ചെയ്തപ്പോൾ,  പള്ളിച്ചിറ അച്ചൻ്റെ സമ്മതത്തോടെ, 1984 -ൽ സ്കൂൾ ഓർത്തഡോക്സ് സഭയുടെപേർക്ക് എഴുതി കൊടുത്തു. ഇപ്പോൾ ഈ സ്കൂൾ മലങ്കര സഭയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് എന്നും അഭിമാനിക്കത്തക്ക വിധത്തിൽ ഉളള ഒരു സ്ഥാപനമാണ്. ചാണ്ടി അച്ചൻ, വൈദികനായ കാലം മുതൽ തൻ്റെ അധ്വാനത്തിന്റെ ഒരു നല്ല പങ്ക് ഹാബേലിൻ്റെ കാഴ്ച പോലെ ദൈവസഭയ്ക്ക് നൽകിയതിൻ്റെയും പ്രത്യക്ഷമായ തെളിവാണ് കോട്ടമല എം. ജി.എം യു. പി സ്‌കൂൾ. അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള നല്ല പ്രവൃത്തനങ്ങളെ മാനിച്ച് 1984 ജനുവരി 14ന് അഭിവന്ദ തോമസ് മാർ തീമോത്തിയോസ് തിരുമേനി അലക്സന്ത്രയോയോസ് എന്ന പേരിൽ കോർ  എപ്പിസ്കോപ്പ സ്ഥാനം നൽകി . ആ ദിവസം തന്നെയായിരുന്നു പുതുക്കിപണിത പള്ളിയുടെ കൂദാശയും. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ,മലബാർ ഭദ്രാസന വൈദിക ട്രസ്റ്റി ,ഗവേണിംഗ് ബോർഡംഗം ,മർത്തമറിയം സമാജ രക്ഷാധികാരി , സൺഡേസ്കൂൾ ഡയറക്ടർ എന്നീ നിലകളിൽ കൂടാതെ മലയോര മേഖലയിൽ മുൻപന്തിയിൽ നിന്ന് സമൂഹത്തിനുവേണ്ടി പ്രവർത്തിക്കു കയും ചെയ്തു. അദ്ദേഹത്തിന്റെ വളർച്ച, തന്റെ പ്രവർത്തിയെ അധികാരികൾ അംഗീകരിച്ചതിന്റെ സൂചന മാത്രമല്ല മറിച്ച് ദൈവം അതിനെ മാനിച്ചതിൻ്റെ തെളിവും കൂടിയാണിത് . കർക്കശക്കാരനായ അലകസ് അന്ത്രയോസ് കോർ എപ്പിസ്കോപ്പ എന്നറിയപ്പെടുന്ന ചാണ്ടി അച്ഛൻറെ പ്രവർത്തനങ്ങളും ശൈലികളും എന്നും ആശ്ചര്യം നിറഞ്ഞതായിരുന്നു എന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്ന തൻ്റെ സഹപ്രവർത്തകരായ അദ്ധ്യാപകരുംാ, വിദ്യാർത്ഥികളും, അദ്ദേഹത്തോടൊപ്പം പള്ളിയിൽ ശ്രിശൂഷിച്ചിരുന്ന പാറക്കൽ സ്കറിയായും ഇടവക ജനങ്ങളും, ഒരേ സ്വരത്തിൽ പറയുന്നു. അദ്ദേഹത്തിൻറെ വിശ്രമം ഇല്ലാത്ത ജീവിതം മൂലം 1988 ആയപ്പോഴേക്കും ശാരീരികമായി വളരെയധികം അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് മണിപ്പാൽ കെഎംസി., യിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ സിഎംസി ഹോസ്പിറ്റലിൽ പോവുകയും ചെയ്തു. 60 ദിവസത്തോളം ഹോസ്പിറ്റൽ കഴിഞ്ഞു തിരികെ വീട്ടിലെത്തിയ അദ്ദേഹത്തിന് 1989 ഫെബ്രുവരി ആദ്യ ആഴ്ചയിൽ, അഭിവന്ദൃ H.H. ബസേലിയോസ് മാർത്തോമാ പൗലോസ്  രണ്ടാമൻ കാത്തോലിക്ക ബാവ കന്തീല ശ്രിശൂഷ നൽകി. ഫെബ്രുവരി 19 ന് വൈകുന്നേരം 4 കഴിഞ്ഞപ്പോഴേക്കും പതിവില്ലാത്ത ശാന്തത മുഖത്ത് ദൃശ്യമാവുകയും നന്നായി ഉറങ്ങി ഏണിറ്റ അദ്ദേഹം കൈകൾ ഉയർത്തി പ്രാർത്ഥിച്ച് തൻ്റെ ജീവനെ ദൈവസന്നിധിയിൽ ഭരമേൽപിച്ചു. അദ്ദേഹത്തിൻറെ മരണശേഷം എംജിഎം യുപി സ്കൂളിൽ അധ്യാപികയായി എത്തിയ ശ്രീമതി റജിസാമുവേൽ കുട്ടമ്പേരൂർ, തന്റെ സഹപ്രവർത്തകരിൽ നിന്നും ദേശവാസികളിൽ നിന്നും അച്ഛനെ കുറിച്ചുള്ള നല്ല വാക്കുകൾ കേൾക്കാനിടയായതിന്റെ വെളിച്ചത്തിൽ അച്ഛനെ കുറിച്ചുള്ള ഒരു സ്മരണിക എഴുതുകയും അത് അച്ഛൻറെ 25- ാം വാർഷിക ദിനം പൊതു ചടങ്ങായി പള്ളിയിൽ നടന്നപ്പോൾ പ്രകാശനം ചെയ്യുകയും ചെയ്തു. ഓർത്തഡോക്സ് സഭയ്ക്ക് എന്നും ഒരു മുതൽക്കൂട്ട് ആയിരുന്ന മലമേൽ കത്തിച്ച് വിളക്ക് പോലെ പ്രകാശം പരത്തി കൊണ്ടിരുന്ന ആ ദിവ്യ വിളക്ക് 1989 ഫെബ്രുവരി  19 അണഞ്ഞു. എങ്കിലും ആ പ്രകാശം എന്നും അദ്ദേഹത്തെ അറിയുന്നവരുടെ ഹൃദയത്തിൽ തെളിഞ്ഞു കൊണ്ടിരിക്കുന്നു. പുഞ്ചിരി തൂകുന്ന ശാന്തമായ ആമുഖം ഇന്നും നമ്മുടെ ഓർമ്മയിൽ കഴിയുന്നു. അദ്ദേഹത്തിൻറെ ആത്മാവിൻറെ നിത്യശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം ദൈവസന്നിധിയിൽ അദ്ദേഹത്തിൻറെ മധ്യസ്ഥത ഏവർക്കും കോട്ട ആയിരിക്കട്ടെ.