
![]() | ![]() |
1050 മകരം 10 (1875) ആലപ്പുഴ കരയിൽ വാക്കപറമ്പിൽ ശ്രീ. ഇട്ടിയവര ചാക്കോയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതും, ഇപ്പോഴത്തെ ദേവാലയം സ്ഥിതി ചെയ്യുന്നതുമായ സ്ഥലത്ത് പരിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമത്തിൽ ഒരു ചാപ്പൽ നിർമ്മിക്കുവാനുള്ള അപേക്ഷ അന്നത്തെ മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന അഭിവന്ദ്യ പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസ് തിരുമേനിക്ക് സമർപ്പിക്കുകയും അഭിവന്ദ്യ തിരുമേനിയുടെ കൽപ്പന പ്രകാരം അംഗീകാരം ലഭിച്ചു സ്ഥാപിതമാവുകയും ഉണ്ടായി.
കൈതയിൽ ബഹു ഗീവർഗീസ്അച്ഛനും വൈക്കത്ത് ശ്രീ മാണി മാണിയും വാക്ക പറമ്പിൽ ഇട്ടിയവര ചാക്കോയും ചേർന്ന് ചാപ്പൽ ഒരു ഇടവക പള്ളിയായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ദിവാൻ പേഷ്ക്കാർക്ക് ഒരു കൈചീട്ട് സമർപ്പിക്കുകയും തുടർന്ന് അനുമതി ലഭിക്കുകയും ഉണ്ടായി. ദേവാലയ നിർമ്മാണത്തിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ച 1055 (1880) മുതൽ 1062 (1887) വരെ കൈതയിൽ ബഹു ഗീവർഗീസ് അച്ഛൻ വികാരിയായി സേവനം അനുഷ്ഠിച്ചു. ഈ കാലയളവിൽ ഇടവക പൊതുയോഗം ചേർന്ന് സഭ കേസിൽ വട്ടശ്ശേരിൽ മാർ ദിവന്യാസിയോസ് തിരുമേനിയോടൊപ്പം ഉറച്ചുനിൽക്കുവാൻ തീരുമാനം കൈകൊണ്ടു.
1112 ൽ (1937) ദേവാലയത്തിൻ്റെ പുനർനിർമാണം പേഴമറ്റത്ത് ബഹു. കുറിയാക്കോസ് അച്ചൻ്റെ നേതൃത്വത്തിൽ പുനരാരംഭിച്ചു. 1944 -ആയിരുന്നു പുതുക്കി പണിത പള്ളിയുടെ കൂദാശ. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവായുടെ പ്രധാന കാർമികത്വത്തിലും അഭി. ഔഗേൻ മാർ തീമോത്തിയോസ്, അഭി.കുറിയാക്കോസ് മാർ (ഗീഗോറിയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും പള്ളി കൂദാശ നടത്തപ്പെട്ടത്.
1999 - 2000 വർഷം ഇടവക ചരിത്രത്തിലെ പഞ്ചരജത ജൂബിലി വർഷമായി കൊണ്ടാടുകയുണ്ടായി. 2000ൽ ജൂബിലി മന്ദിരത്തിൻ്റെ പണിപൂർത്തിയായ മുറയ്ക്ക് കൂദാശ കർമ്മം നിറവേറ്റപ്പെട്ടു.
2009ൽ ചേർന്ന ഇടവക പൊതുയോഗംപള്ളി പുതുക്കിപ്പണിയണം എന്ന് തീരുമാനമെടുത്തു. ദേവാലയ പുനർനിർമാണത്തിൻ്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം അഭിവന്ദ്യ ഗീവർഗീസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത തിരുമേനി നിർവഹിക്കുകയുണ്ടായി. 2010-ലെ പെരുന്നാൾ ഇടവക ചരിത്രത്തിലെ തന്നെ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട ഒരു പുണ്യ ദിനം തന്നെയായിരുന്നു പുതിയ ദേവാലയത്തിൻ്റെ ശിലാസ്ഥാപനം മകരം 10 ജനുവരി 23ന് അഭിവന്ദ്യ ഗീവർഗീസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ ചേർന്ന് നിർവഹിച്ചു. 2011 മെയ് മുതൽ ബഹുമാനപ്പെട്ട ചാലാശ്ശേരി ജോൺ ജോസഫ് അച്ചൻ്റെ നേതൃത്വത്തിൽ പള്ളിപണിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
2013 സെപ്റ്റംബർ പതിനഞ്ചാം തീയതി പുതിയ ദേവാലയത്തിൻ്റെ കട്ടിള വെപ്പ് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ പ്രാർത്ഥനയ്ക്കും ആശീർവാദത്തിനും ശേഷം നടത്തി. 2015 ജനുവരി 20,21 (1190 മകരം 6,7) തീയതികളിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ പ്രധാന കാർമികത്വത്തിലും അഭി. തോമസ് മാർ അത്താനാസിയോസ്, അഭി. മാത്യൂസ് മാർ സേവേറിയോസ്, അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ്, അഭി. ജോഷ്വ മാർ നിക്കോദീമോസ് എന്നീ മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും പള്ളി കൂദാശ നടത്തപ്പെട്ടത്.
ബഹുമാനപ്പെട്ട സോണി വി മാണി അച്ചൻ്റെ നേതൃത്വത്തിൽ ദുസ്ക്കുദിശ് ഇറത്താഴ് എന്നിവയോടു കൂടിയുള്ള മദ്ബഹായുടെ പുനർനിർമ്മാണം 2022 നടത്തപ്പെട്ടു. അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ ചേർന്ന് കൂദാശ നിർവഹിച്ചു.
വിവരങ്ങൾക്ക് കടപ്പാട് : കൂദാശ സ്മരണിക 2015